ആവിലായിലെ വി. അമ്മത്രേസ്യയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

ചരിത്രം

ഐതിഹ്യങ്ങളും യാഥാർത്ത്ഥ്യങ്ങളും

സത്യങ്ങളും അര്‍ദ്ധസത്യങ്ങളും കഥകളുമെല്ലാം കൂടി പിണയുന്ന ഭൂതകാലത്തിന്റെ താളുകളില്‍ പാരമ്പര്യത്തിന്റെ വേരുകള്‍ തിരയുക ദുഷ്കരമാണ്‌. ചിപ്പിക്കുള്ളിലെ മുത്തുകള്‍ പോലെ യാഥാര്‍ത്ഥ്യങ്ങളെ സുചനകളില്‍ ഒളിപ്പിച്ചുവയ്ക്കുന്ന കഥകളും ഐതീഹ്യങ്ങളു മെല്ലാം പ്രസക്തമാകുന്നത്‌ ഇത്തരുണത്തിലാണ്‌.ഏതൊരു ചരിത്രാന്വേഷിക്കും ഇവയെ അവഗണിക്കാനാകില്ല.മലപ്പുറം ഇടവകയുടെ ചരിത്രത്തിനും ഇത്തരം ഐതീഹ്യങ്ങള്‍ ധാരാളമായുണ്ട്‌. കഥകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തായാലും അവയൊക്കെ ആയാംകുടിയുടെ പുരാതനമായ സാംസ്്കാരികതയുടെയും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇവിടെ നിലനിന്നിരുന്ന ക്രൈസ്തവ സാന്നിദ്ധ്യത്തിന്റേയും ശക്തമായ സൂചനകളാണ്‌.

ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ഭാരതത്തില്‍ ക്രൈസ്തവവിശ്വാസം പ്രചരിച്ചുവെന്നതും അതില്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തിന്‌ ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്നു എന്നതും ചരിത്ര സത്യങ്ങളാണ്‌. എ.ഡി. 970-ല്‍ കൊടുങ്ങല്ലൂര്‍ പട്ടണം തകര്‍ക്കപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളില്‍ നല്ലൊരു ഭാഗം കുറവിലങ്ങാട്‌, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ താമസമാക്കി. ഈ സ്ഥലങ്ങളൊക്കെ ഇന്ന്‌ ക്രൈസ്തവരുടെ ശക്തികേന്ദ്രങ്ങളാണ്‌. കടുത്തുരുത്തിയില്‍ ആദ്യകാലത്ത്‌ വലിയ പള്ളിയില്‍ പൊതുവായും തുടര്‍ന്ന്‌ തെക്കുംഭാഗക്കാര്‍ വലിയ പള്ളിയിലും വടക്കുംഭാഗക്കാര്‍ താഴത്തുപള്ളിയിലും ആദ്ധ്യാത്മിക ശുശ്രൂഷകള്‍ നിര്‍വൃഹിച്ചുവന്നു. ഈ കാലഘട്ടത്തില്‍ത്തന്നെ സമീപപ്രദേശമായ ആയാംകുടിയിലും ക്രൈസ്തവ സാന്നിദ്ധ്യമുണ്ടായി എന്ന്‌ ചിന്തിക്കുന്നതില്‍ സാംഗത്യമുണ്ട്.

കുരിശ് കാണപ്പെടുന്നു

അക്കാലത്ത്‌ ആയാംകുടിയില്‍ പ്രബലരായ നമ്പൂതിരിമാരും അവരുടെ ആശ്രിതരായി മറ്റു വിഭാഗത്തില്‍പ്പെട്ട ജനങ്ങളുമാണ്‌ പാര്‍പ്പുറപ്പിച്ചിരുന്നത്‌. ഇവിടുത്തെ പ്രധാനക്ഷേത്രമായ ആയാംകുടി മഹാദേവ ക്ഷ്രേതത്തിന്‌ 800 വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതായി ചരിധ്ര രേഖകളുണ്ട്‌. ഏകദേശം 1800 - നോടടുത്ത്‌ ആയാംകുടിയിലും പരിസര പദേശങ്ങളിലുമായി അഞ്ചോളം ക്രൈസ്തവ കുടുംബങ്ങളും അവരുടെ സന്തതി പരമ്പരകളുമാണ്‌ താമസിച്ചിരുന്നത്‌.അവർ കടുത്തുരുത്തി താഴത്തുപള്ളിയിൽ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിര്വഹിച്ചുപോന്നു. അക്കാലത്ത്‌ ഇപ്പോള്‍ മലപ്പുറം പള്ളിയിരിക്കുന്ന സ്ഥലവും പരിസരവും മൊട്ടക്കുന്നുകളും കുറ്റിച്ചെടികളുമെല്ലാം നിറഞ്ഞ വനഭൂമിയായിരുന്നു. കുന്നിന്‌ ഇരുവശങ്ങളിലും നെല്‍പ്പാടങ്ങളാല്‍ ചുറ്റപ്പെട്ടിരുന്നു. സമീപ പ്രദേശങ്ങളിലുള്ളവര്‍ ആടുമാടുകളെ തീറ്റിയിരുന്നത്‌ ഇവിടെയായിരുന്നു.

അങ്ങനെയൊരവസരത്തില്‍ ആടുമേയ്ക്കാന്‍ വന്ന കുട്ടികള്‍ മണ്ണില്‍ ഒരു വിള്ളല്‍ കണ്ടെത്തുകയും ആ വിള്ളലില്‍ നിന്നും ഒരു പൊന്‍കുരിശ്‌ ഉയര്‍ന്ന്‌ വന്നതായി കണുകയും ചെയ്തു. ഈ വിവരം കുട്ടികള്‍ സമീപത്തു താമസിച്ചിരുന്ന ഈഴവ കുടുംബമായ കാലായില്‍ കുടുംബക്കാരെ അറിയിച്ചു. അവര്‍ സമീപവാസികളായ ക്രിസ്ത്യാനികളെ ഈ വിവരമറിയിച്ചെന്നും തുടര്‍ന്ന്‌ ഇവിടം കേന്ദ്രമാക്കി പ്രാര്‍ത്ഥനയും വിളക്കുകത്തിക്കലും ആരംഭിച്ചു എന്നുമാണ്‌ ഐതീഹ്യം. ഇപ്പോള്‍ പള്ളിയുടെ പ്രവേശനകവാടത്തിനോട്‌ ചേര്‍ന്ന്‌ തെക്കുഭാഗത്തുകാണുന്ന കല്‍ക്കുരിശിന്റെ സ്ഥാനത്താണ്‌ പൊന്‍കുരിശ്‌ കണ്ടതെന്ന്‌ പറയപ്പെടുന്നു. നൂറ്റാണ്ടുകളുടെ പഴക്ക മുള്ള ഒരു ക്രൈസ്തവ പാരമ്പര്യം മലപ്പുറം ഇടവകയ്ക്ക്‌ സ്വന്തമായിട്ടുണ്ട്‌ എന്ന അവകാശവാദത്തിന്‌ ശക്തമായ പിന്‍ബലമേകുന്നുണ്ട്‌ ഈ ഐതിഹ്യം.

Stone HOLY Cross

സ്വർഗത്തിൽ നിന്നൊരു വിശുദ്ധ

പള്ളിയുടെ അള്‍ത്താരയിലുള്ള വി. അമ്മത്രേസ്യായുടെ രൂപത്തേക്കുറിച്ചും ഇതു പോലുള്ള ഒരു ഐതിഹ്യമുണ്ട്‌. എ.ഡി. 1800-നോടടുത്ത കാലഘട്ടത്തില്‍ മലപ്പുറം പള്ളിയുടെ പടിഞ്ഞാറും വടക്കും ഭാഗങ്ങള്‍ വലിയ ജലാശയങ്ങളായിരുന്നു എന്നും ഇതുവഴി ധാരാളം പായ്ക്കപ്പലുകള്‍ കടന്നുപോയിരുന്നു എന്നും ചരിത്രം പറയുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ഇത്‌ വിശ്വസനീയവുമാണ്‌. ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ പുരാതനസാഹിത്യ കൃതികളില്‍ ആയതിന്റെ സൂചനകളുണ്ട്‌.

ഒരിക്കല്‍ കടുത്തുരുത്തി വലിയപള്ളിയിലെ തിരുനാളിന്‌ ഡച്ചുകാര്‍ ധാരാളം കച്ചവട സാധനങ്ങളുമായി പായ്ക്കപ്പലിൽ വന്നു എന്നും അക്കൂട്ടത്തില്‍ വി.അമ്മത്രേസ്യായുടെ ഉള്‍പ്പെടെ ധാരാളം വിശുദ്ധ രൂപങ്ങളുണ്ടായിരുന്നു എന്നും അതില്‍ വി. അമ്മത്രേസ്യായുടെ രൂപത്തിന്‌ കച്ചവടസ്ഥലത്തുവച്ച്‌ ആയാംകുടിക്കാര്‍ വില പേശുകയും വില ചേരാതെ കച്ചവടക്കാര്‍ തിരിച്ചുപോകവേ മലപ്പുറം പള്ളിയുടെ സമീപത്തെത്തിയപ്പോള്‍ കപ്പല്‍ മണ്ണിലുറച്ച്‌ മുടങ്ങുകയും തുടര്‍ന്ന്‌ വി.അമ്മത്രേസ്യായുടെ ആ കുരിശടിയില്‍ വച്ച്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക്‌ സുരക്ഷിതമായി തിരിച്ചുപോകാന്‍ സാധിച്ചു എന്നും ഉള്ള ഐതിഹ്യവും ഇന്നാട്ടില്‍ പ്രചാരത്തിലുണ്ട്‌. ഈ രൂപമാണ്‌ അള്‍ത്താരയിലിരിക്കുന്ന രൂപമെന്ന്‌ പറയപ്പെടുന്നു. അങ്ങനെ വി. അമ്മത്രേസ്യാ മലപ്പുറത്തിന്റെ ഇടവക മദ്ധ്യസ്ഥയായി. ഇത്തരത്തിലുള്ള , പല ഐതിഹ്യങ്ങളും ഈ പള്ളിയെ ചുറ്റിപ്പറ്റി പ്രചാരത്തിലുണ്ട്‌. അതിപുരാതനമായ ഒരു ക്രൈസ്തവ പാരമ്പരൃത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ്‌ മലപ്പുറം ഇടവക എന്ന്‌ ഇതെല്ലാം തെളിയിക്കുന്നു. അത്‌ നമ്മുക്കെല്ലാം അഭിമാനാര്‍ഹമായ ഒരു ചരിത്രസത്യമാണ്‌.

ST.THERESA OF AVILA

ദൈവാലയം ഉയരുന്നു

എ.ഡി. 1800-ല്‍ മലപ്പുറത്ത്‌ മുമ്പുണ്ടായിരുന്ന കൂരിശടിയൂടെ സ്ഥാനത്ത്‌ ഒരു ദൈവാലയം സ്ഥാപിതമായി. ഇത്‌ സ്ഥാപിച്ചത്‌ മലപ്പുറത്ത്‌ ബഹു. ഇട്ടന്‍ കത്തനാരായിരുന്നു. അദ്ദേഹം വിശ്രമ ജീവിതം നയിച്ചുവന്നിരുന്ന വീടായിരുന്നു കുരിശുപള്ളിയായി രൂപാന്തരപ്പെടുത്തിയത്‌. ബഹു. ഇട്ടന്‍ കത്തനാരുടെ വീട്ടുപേരായിരുന്നു മലപ്പൂറം എന്നത്‌. അങ്ങനെ അത്‌ പള്ളിയുടെ പേരായിത്തീര്‍ന്നു. 1912-ല്‍ ഇത്‌ കടുത്തുരുത്തി താഴത്തുപള്ളിയൂടെ കുരിശുപള്ളിയായി നിയമാനുസൃതം നിലവില്‍ വരികയും താഴത്തുപള്ളിയിലെ അസേന്തിയച്ചന്മാര്‍ ഇവിടെവന്ന്‌ ദിവ്യബലി അര്‍പ്പിക്കുകയും പള്ളിക്കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്തുപോന്നു. താഴത്തുപള്ളിയുടെ കൂരിശുപള്ളി ആയിരുന്നപ്പോള്‍ ഇവിടെയുള്ള വരുമാനമെല്ലാം താഴത്തുപള്ളിക്കാരാണ്‌ കൈകാര്യം ചെയ്തു പോന്നിരുന്നത്‌. അതിനെ ഇവിടുത്തെ വിശ്വാസസമൂഹം ചോദ്യം ചെയ്യുകയും ഒരു സ്വതന്ത്ര ഇടവക എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍, ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ തോമാ മ്രെതാന്‍ 1925 -ല്‍ മലപ്പുറം ഇടവകയെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തി. സ്വതന്ത്ര ഇടവകയായി രൂപപ്പെട്ടപ്പോള്‍ പ്രബലമായ 5 കുടുംബങ്ങളും അവരുടെ ശാഖകളും ഉള്‍പ്പെടെ 160 കുടുംബങ്ങളാണുണ്ടായിരുന്നത്‌.

ഇടവക മദ്ധ്യസ്ഥ

ആവിലായിലെ വി. അമ്മത്രേസ്യായാണ്‌ ഈ ഇടവകയുടെ മദ്ധ്യസ്ഥ.കേരളത്തില്‍ വി. അമ്മത്രേസ്യായുടെ നാമധേയത്തിലുള്ള ചുരുക്കം ചില ദേവാലയങ്ങളിലൊന്നാണ്‌ ആയാംകുടി മലപ്പുറം പള്ളി. ആഗോള കത്തോലിക്കാസഭയില്‍ നവീകരണത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ഒരു കാലഘട്ടം ആരംഭിച്ച കര്‍മ്മലീത്താ സഭാംഗമായ ഈ വിശുദ്ധ നിരവധി സന്യാസിനീ മഠങ്ങള്‍ സ്ഥാപിക്കുകയും ആദ്ധ്യാത്മിക ഗ്രരന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്‌. കത്തോലിക്കാ സഭയിലെ വേദപാരംഗതയായ വി.അമ്മത്രേസ്യായുടെ നാമധേയത്തിലുള്ള ഈ ദേവാലയം ആയാകുടിയുടെ ആദ്ധ്യാത്മിക കേന്ദ്രമായി പരിലസിക്കുന്നു

ST.THERESA OF AVILA

തിരുനാള്‍

ഇവിടുത്തെ പ്രധാനതിരുനാള്‍ മലയാളവര്‍ഷം തുലാംമാസത്തിലെ ആദൃഞായറാഴ്ചയാണ്‌ നടത്തിപ്പോരുന്നത്‌. തുലാം മാസ പെരുന്നാള്‍ എന്ന ഇത അറിയപ്പെടുന്നു. ഈ പ്രദേശത്തുള്ള നാനാജാതിമതസ്ഥരും ഈ തിരുനാളില്‍ സഹകരിക്കുന്നു. പെരുനാള്‍ ശനിയാഴ്ച വൈകുന്നേരം ആയാംകുടി കപ്പേളയില്‍ നിന്നും പള്ളിയിലേക്ക്‌ നടത്തുന്ന വേസ്പരയും പ്രദക്ഷിണവും ചരിത്രപ്രസിദ്ധമാണ്‌. തിരുനാളിനോടനുബന്ധിച്ചുള്ള പല വിധ നേര്‍ച്ചകള്‍ വളരെ അനുഗ്രഹദായകങ്ങളാണ്‌.

വിദ്യാധിദേവതയായ വിശുദ്ധയുടെ മുടിയും കൈയ്യിലിരിക്കുന്ന പേനയും തിരുനാള്‍ ദിനങ്ങളില്‍ എഴുന്നുള്ളികുന്നത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ അനുഗ്രഹദായകമായ നേര്‍ച്ചയാണ്‌. കാര്‍ഷികാഭിവ്ൃദ്ധിക്കായി തിരുനാള്‍ പ്രദക്ഷിണമിറങ്ങുന്ന സമയം വിശുദ്ധയുടെ രൂപത്തിനുമുന്നില്‍ വെറ്റില പറത്തുന്നപതിവുണ്ട്‌. പള്ളിയുടെ വടക്കു കിഴക്കേ കോണിലുള്ള കിണറ്റിൽ നിന്നും ചകിരികയറില്‍ കെട്ടിയ വെഞ്ചരിച്ച കമുകിൻ പാള ഉപയോഗിച്ച്‌ വെള്ളം കോരികുടിക്കുന്നത്‌ ആസ്തമ ഉള്‍പ്പെടയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക്‌ നല്ലൊരു ഓഷധമായി കണക്കാക്കുന്നു.

ഇത്തരത്തിലുള്ള നേര്‍കാഴ്ചകളില്‍ പലതും കാലക്രമത്തില്‍ നിലച്ചുപോയെങ്കിലും ഇടവകയിലെ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവയെല്ലാം പുനരാരംഭിച്ചിട്ടുണ്ട് എന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌.

ST.THERESA OF AVILA

അനുഗ്രഹവഴികളിലുടെ

തുടക്കത്തില്‍ അഞ്ച്‌ കുടുംബങ്ങളില്‍ ആരംഭിച്ച ഇടവക ഇന്ന്‌ 250 -ഓളം കുടുംബങ്ങളില്‍ എത്തിനില്‍ക്കുന്നു. ഇരുന്നൂറ്‌ വര്‍ഷത്തിലധികമുള്ള ഈ കാലയളവില്‍ ഈ ഇടവകയും ആയാംകുടി എഴുമാന്തുരുത്ത് പ്രദേശങ്ങളും സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. ഈ പുരോഗതിയില്‍ ഇവിടുത്തെ ക്രിസ്തവ സമൂഹവും ദൈവാലയവും വഹിച്ചിട്ടുള്ള പങ്ക്‌ നിസ്തുലമാണ്. ഈ ഇടവകയിലെ ഓരോരുത്തരും പള്ളിയെ തങ്ങളുടെ രണ്ടാമത്തെ ഭവനമെന്നാണ്‌ കണക്കാക്കുന്നത്‌. തങ്ങളുടെ ജീവിതത്തിലെ ഓരോ നേട്ടവും ഈ ദേവാലയവും ഇവിടുത്തെ തിരുകർമ്മങ്ങളും വഴി ലഭിക്കുന്ന ദൈവാനുഗ്രഹമെന്നാണ്‌ ഇവര്‍ കരുതുന്നത്‌. ആയാംകുടി,എഴുമാന്തുരുത്ത്‌, മുണ്ടാര്‍, വാലാച്ചിറ, പുതുശ്ശേരിക്കര,മധുരവേലി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഭൂവിഭാഗമാണ് ഈ ഇടവകയുടെ കീഴിലുള്ളത്‌. ഇവിടെയെല്ലാം വസിക്കുന്ന ഭൂരിപക്ഷം വരുന്ന അക്രൈസ്തവരുടെ ഇടയില്‍ ക്രിസ്തുവിന്‌ സാക്ഷ്യം വിഹിക്കുക എന്ന വലിയ നിയോഗം വിജയകരമായി നിറവേറ്റുവാൻ ദൈവാനുഗ്രത്തിന്റെ പിന്‍ബലത്തില്‍ ഈ ഇടവകക്കാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. വിശ്വാസത്തിന്റെ വെളിച്ചം ഞങ്ങള്‍ക്കായി പകര്‍ന്ന എല്ലാ പൂർവികർക്കും നന്ദി അര്‍പ്പിക്കട്ടെ.

1800- മലപ്പുറത്ത്‌ ഇട്ടന്‍ കത്തനാര്‍ എന്ന പുണ്യപുരുഷന്‍ ഈ ദൈവാലയത്തിന് നാന്ദികുറിച്ചതു മുതല്‍ ദൈവാനുഗ്രഹത്തിന്റെ ധാരാളിത്വത്തിലാണ് ഈ ഇടവകയും ആയാംകുടി പ്രദേശവും. 1912 മുതൽ 1925 വരെ കടുത്തുരുത്തി താഴത്തുപള്ളിയില്‍ നിന്നുള്ള അസിസ്റ്റന്റ് വികാരിമാരാണ് ദൈവാലയത്തില്‍ ദിവ്യബലി അർപ്പിക്കുകയും പള്ളിക്കാര്യങ്ങൾ നോക്കിനടത്തുകയും ചെയ്തിരുന്നത്‌.